വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

31 May 2012

ചുവന്ന നക്ഷത്രം



തേജസ്സ്വിനിപുഴയ്ക്കരികിലൂടെ കുഞ്ഞിക്കണാരൻ നടന്നു.
 ഇട്ട്യേരിയമ്പുവിന്റെ ചായപ്പീടികയിൽ രാവിലെ ഒരു  ചൂട് ചായ  എന്നും ശീലമാണയാൾക്ക്.
പ്രായത്തിന്റെ അവശതകൾ അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടേയില്ല.
ചെത്തിനു പോകുമ്പോളേ ഉള്ള ശീലമായിപ്പോയി.
 പണ്ടൊക്കെ,കള്ള് അളവു കഴിഞ്ഞാൽ പാർട്ടി പരിപാടിയോ കല്യാണം പോലെ സഹായപരിപാടിയോ ഇല്ലെങ്കിൽ, വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു.
എന്തൊരാവേശമായിരുന്നു...
പത്രം അരിച്ച് തീർത്ത്, ചർച്ചകളിൽ മുഴുകി.. കുട്ട്യാലിയും, ചെറായി രാഘവനും ഒക്കെ കൂടെ ഒരു കൂട്ടം!
വൈകുന്നേരം വായനശാലയിൽ നിന്ന് ഒരു പുസ്തകവുമെടുത്ത് പുരയിലേക്ക്,
കൈയ്യിലെ പക്കാവടയുടെ പൊതിക്ക് കൊച്ചുചെറുക്കനും, ലീലയും,ചന്ദ്രികയുമൊക്കെ കാത്ത് നിൽക്കണുണ്ടാവും.

18 May 2012

എൻറ്റെ വാഹനാന്വേഷണ പരീക്ഷണങ്ങള്‍ - ഒന്നാം വാല്യം



ഒരു ഫയങ്കര ഡ്രൈവറായിരുന്നല്ലോ ഞാൻ. (യേസ്  , ഭൂമിയുടെ ഭ!!  )
ഭയങ്കരം എന്ന് പറയുമ്പോൾ ഭയം അങ്കുരിപ്പിക്കുന്ന, ഭയാനകമായ എന്നൊക്കെയാണർത്ഥം എന്നോർക്കണം!
വഴിനടക്കാർക്കും മറ്റു ഡ്രൈവർമ്മാർക്കും മാത്രമല്ല,ഗിയറെങ്ങോട്ട് ഇടണം എന്ന് കലുങ്കഷമായി ചിന്തിച്ച് വണ്ടിയോടിച്ച എനിക്കു വരെ അങ്ങനെയായിരുന്നു.

എന്തൊക്കെയാണെങ്കിലും കുഞ്ഞുനാളുതൊട്ടേ വാഹനങ്ങൾ എനിക്ക് ഇഷ്ടമാണു.
എൽപി സ്കൂൾ കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ആദ്യ വാഹനം എന്റെ ഓർമ്മയിൽ 'ഉജാല സിംഗിൾ ഹാൻഡിൽ വെഹിക്കിൾ' ആയിരുന്നു.

വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാവുന്ന ഈ വാഹനത്തിനു ഇൻഗ്രേഡിയന്റ്സ് ആയി വേണ്ടതു നിങ്ങൾക്കറിയാവുന്നതു പോലെ, രണ്ട് പഴയ റബർചെരിപ്പും ഒരു നീളൻ കോലും ( വെർട്ടിക്കൽ ), ചെറിയ കോലും ( ഹൊറിസോണ്ടൽ ) ഒരു കാലി ഉജാലകുപ്പിയും മാത്രമാണു.പിന്നെ വേണ്ട വിധത്തിൽ മുറിച്ചെടുക്കാൻ ഒരു അരിവാൾ അത്യുത്തമം.

04 May 2012

സംത്യപ്തിയുടെ ചില മൂളിപ്പാട്ടുകള്‍



പണ്ടൊക്കെ ഒരു അലസതയായിരുന്നു... ഇപ്പോഴെല്ലാത്തിനും ഒരു പുതുമയുണ്ട്...
ക്യത്യം അലാറം അടിച്ചാല്‍ എഴുന്നേല്‍ക്കും,
ടെറസ്സില്‍  രണ്ട് പുഷപ്പ് എടുത്ത് , ഒരു ചായയും കുടിച്ച് പക്ഷികളുടെ കലപിലയും കേട്ട് താഴേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമാണു.

സ്കൂളിലേക്ക് മക്കളെയൊരുക്കുന്ന വനജേച്ചിയുടെ പരിദേവനങ്ങളും പതിവ്പോലെ ആരംഭിച്ചിട്ടുണ്ട്..
ഇവരെന്തിനാണു ഒരു ബുദ്ദിമുട്ട് പോലെ കാര്യങ്ങള്‍ ചെയ്യുന്നത് ? എല്ലാവരോടും നല്ല സന്തോഷത്തോടെ പെരുമാറിക്കൂടെ.

മുന്‍പിലത്തെ വീട്ടീല്‍ നിന്ന് സീനയുടെ ശബ്ദം ഇടയ്ക്ക് മുറിഞ്ഞ് വീഴുന്നുണ്ട്. അവള്‍ മൂളിപ്പാട്ട് പാടുകയാണോ ?

അജിയുടെ ചുണ്ടത്ത് ഒരു പുഞ്ചിരി വന്നു.

സീനയെ ചെറുതായി ശ്രദ്ദിച്ചിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല അടുത്തകാലം വരെ.
ഒരേ ബസ്സിനാണു പോക്കും വരവും,
അന്നൊരു ദിവസ്സം അവളുടെ പേഴ്സില്‍ പൈസ തീര്‍ന്നതെത്ര നന്നായി.

കണ്ടക്ടറോട് ടിക്കറ്റ് വാങ്ങി കയ്യില്‍ വച്ച്, പേഴ്സെടുത്ത് തിരിച്ചും മറിച്ചും പരിഭ്രമത്തോടെ നോക്കിയ അവളുടെ മുഖത്ത് നിഷകളങ്കതയുടെ ഒരു വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു

"വനജാന്റീടെ വീടിന്റെ മോളില്‍ താമസിക്കണ അജിത്തല്ലേ,
കാശെടുക്കാന്‍ വിട്ട് പോയി, ഒന്ന് ടിക്കറ്റെടുക്കുമോ നാളെത്തരാം "

എങ്ങനെയാണു സീനേ ആ ടിക്കറ്റ് ഞാനെടുക്കാതിരിക്കുക!!

പിറ്റേന്നാണു....
ബസ്സ്സ്റ്റോപ്പിലേക്ക് ധ്യതി പിടിച്ച് നടക്കുമ്പോള്‍ പുറകില്‍ നിന്ന് അവളുടെ ശബ്ദം....
ആ പണം തിരിച്ച് തരാനാണു, വേണ്ടെന്ന് പറഞ്ഞിട്ടും തന്നു..

പിന്നെ ബസ്സ്റ്റോപ്പിലേക്ക് ഒരുമിച്ചുള്ള നടത്തം പതിവായി.
പരസ്പരം അല്പ്പം വിശേഷങ്ങളൊക്കെ  കൈമാറി ഒരുമിച്ചുള്ള ആ നടത്തം.
ആ ഇരുനിറസുന്ദരിയുടെ ചിരികളില്‍ തന്നോടുള്ള അടുപ്പം വിളിച്ച് പറയുന്നത് പോലെ

കുളിച്ച് കൊണ്ടിരുന്നപ്പോള്‍ അജിക്കും ഒരു മൂളിപ്പാട്ട് വന്നു... ജീവിതത്തിനു ഒരര്‍ത്ഥമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണു.

അല്പ്പം ഡിയോഡറന്റ് പ്രസ്സ് ചെയ്തു..
കണ്ണാടി നോക്കി മുടി വലത് വശത്തേക്ക് ചീകി
മീശയില്‍ പുറത്തെക്ക് തള്ളി നില്‍ക്കുന്ന രോമങ്ങള്‍ കത്രിക എടുത്ത് കട്ട് ചെയ്തു..
കൊള്ളാം ... ഒരു ലുക്കൊക്കെയുണ്ട്...

ഓഹ് ...മൊബൈല്‍ റിംങ്ങ്.... അമ്മ വിളിക്കുന്നു...

"മോനേ ഇയ്യെന്താ ഈ ആഴ്ചേം വീട്ടിക്ക് വരാഞ്ഞെ ? ഇവിടമ്മ മാത്രേ ഉള്ളൂന്ന് മറന്നോ ? "

" വരാം അമ്മാ , ഓഫീസില്‍ നല്ല തിരക്കുണ്ടാര്‍ന്ന്... ഈയാഴച നോക്കട്ടെ...."
"ഉം...ഇയ്യ് ഒന്ന് വിളിച്ചൂടില്ലാ"

"വിളിക്കാമ്മേ , ബസ്സിനു പോണം ... വെക്കട്ടെ"

ഫോണ്‍ കട്ട് ചെയ്തു... അപ്പുറത്തെന്തോ പറയുന്നുണ്ട്....

അജിയ്ക്ക് ഈര്‍ഷ്യ തോന്നി....
ബസ്സ് പോവുന്ന് അമ്മയ്ക്കറിയണ്ടല്ലോ, പോരാത്തതിനു ആ ബസ്സിനാണു സീനയും...

അജി സ്റ്റെപ്സ് ഇറങ്ങി തിരക്കിട്ട് നടന്നു... കഷ്ടം, സീന ബസ്സ്സ്റ്റോപ്പിലെത്തിക്കഴിഞ്ഞു.

അജി മുന്നില്‍ തന്നെയാണു കയറിയത്, എന്നാലേ സീനയോടെന്തെങ്കിലും സംസാരിക്കാനാവൂ.

സീറ്റുകളെല്ലാം ഫുള്ളാണു.
സ്ത്രീകളുടെ സീറ്റില്‍ ഒരു മധ്യവയസ്കനിരിക്കുന്നു.

അജിക്ക് ദേഷ്യം വന്നു,
" പെണ്‍കുട്ടികള്‍ നില്‍ക്കുന്നതു കണ്ടിട്ടും ഞെളിഞ്ഞിരിക്കുന്നോ " അല്പ്പം ഉറക്കെയായോ എന്തോ, ആളുകള്‍ നോക്കുന്നു
അയാളെഴുന്നേറ്റപ്പോള്‍ സീനയോട് തോളില്‍ തൊട്ട് അവിടെ ഇരിക്കാന്‍ പറഞ്ഞിരുത്തി

എഴുന്നേറ്റ്പോയ കഷണ്ടി വല്ലാത്ത നോട്ടം നോക്കുന്നു.

അജിക്ക് സ്വയം ഒരു ഉത്തരവാദിത്വബോധവും അഭിമാനവും തോന്നി.

ഇടംകണ്ണിട്ട് നോക്കി,
അവള്‍ പുറത്തെക്ക് കണ്ണ് നട്ട് ഇരിക്കുന്നു, ഒരല്പ്പം ദേഷ്യം പോലെ.
ആ മുടിയിഴകള്‍ ബസ്സിന്റെ സ്പീഡിനനുസരിച്ച് പായുന്നതും അവള്‍ മാടിയൊതുക്കുന്നതും കാണാന്‍ നല്ല ഒരു രസം തന്നെ.

ഓഫീസിനടുത്ത് സ്റ്റോപ്പിറങ്ങി കുമാരേട്ടന്റെ കുമ്മട്ടിയും കടന്ന് സീനയ്ക്ക് തിരിയണ്ട വഴിയായി..

"സീനയ്ക്കിന്നെന്താണു പറ്റിയതു ?"

സീന മുഖം തിരിച്ച് ഈര്‍ഷ്യയോടെ നോക്കി,

" എന്തിനാണു ആള്‍ക്കാരുടെ മുന്‍പില്‍ ഈ ഷോ ? എന്തിനാ ഇത്രക്ക് സ്വാതന്ത്യമെടുക്കുന്നത് ?"

എന്താ സീനാ ഇത്!!

" മുന്‍പേ പറയണന്ന് വെച്ചതാ, വനജാന്റി അമ്മയോടും പറഞ്ഞു, മോളു പേരുദോഷം കേള്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ദിച്ചോളാന്‍!!!
ഞാനായിട്ട് പേരുദോഷത്തിനൊന്നും ഇടവരിത്തിയില്ലാന്നാ എന്റെ വിശ്വാസം "

അജിയുടെ തൊണ്ട വരണ്ടു.. ഇനിയും വൈകേണ്ട... എന്നായാലും അവളോടത് പറയണം..

"സീനാ, ഞാനിത് പറയണംന്ന് കൊറേദിവസ്സമായി കരുതുന്നു
എനിക്ക് സീനയോട്..."

"കൂടുതല്‍ പറയേണ്ട അജിത്ത്, കാള വാലു പൊക്കുന്നത് കണ്ടാല്‍ മനസ്സിലാവും..
എല്ലാവന്മാരും കണക്കാ... പെണ്ണൊന്ന് ചിരിച്ചാല്‍ അപ്പൊ തുടങ്ങും ഏത് പൊട്ടനും രോഗം !!!!"

അവളുടെ മുഖം ചുവന്നു. ചവിട്ടിക്കുലുക്കി നടന്ന് പോയി.

അജിക്ക് തളര്‍ച്ചയും ദാഹവും തോന്നി..

ഒന്നിരിക്കണം... ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ സാധാരണ ചിരിക്കാറൂള്ള മുഖങ്ങള്‍ പരിഹസിച്ച് ചിരിക്കുന്നത് പോലെ.

ഫയലുകളിലെ അക്ഷരങ്ങള്‍ പരസ്പരം കൂടിക്കലര്‍ന്ന് മനസ്സിലാകാതായി

മുന്‍പിലേക്ക് ഒരു പേപ്പര്‍ നീണ്ടുവന്നു,

ഒന്നു ശരിയാക്കിതരൂ സര്‍!!! കുറച്ച് ദിവസ്സംമുന്‍പ് കണ്ട നരച്ച താടിക്കാരന്‍.

കലിയാണു വന്നത്, ഒറ്റതട്ട്!!

"തന്നോടല്ലെടൊ ഇതപ്പുറത്തെ സെക്ഷനിലേ ശരിയാക്കാന്‍ പറ്റൂ എന്ന് പറഞ്ഞത്"

ഓഫീസിലെ കസേരകള്‍ മുരള്‍ച്ചയോടെ തന്റെ നേരെ നോക്കുന്നു.
"എന്താ അജിത്തേ ? ഇത്" സീനിയര്‍ ക്ലര്‍ക്ക് രാജേട്ടനാണു

അജി എഴുനേറ്റ് വാഷ്റൂമിലേക്ക് നടന്നു,
പൈപ്പ് തുറന്ന് ശകതിയോടെ വെള്ളം മുഖത്തേക്ക് കുടഞ്ഞു.

കണ്ണാടിയില്‍ നോക്കി...
ഒട്ടിയ കവിളുകളും നീണ്ട കഴുത്തും,
മേല്‍‌വരിയിലെ പല്ലൊന്ന് ഉന്തിയതാണു.
അജി അതില്‍ കൈകൊണ്ട് അകത്തേക്ക്ക്ക് അമര്‍ത്തി നോക്കി.
ശെരിയാണു അവള്‍ പറഞ്ഞത്..... ഒരു പൊട്ടനേപ്പോലുണ്ട്..

നിനക്കെന്താണു നിന്നെക്കുറിച്ച്തന്നെ ഒരു ബോധമില്ലാതായത് ?
കണ്ണ് അല്പ്പം ചുവന്നിരിക്കുന്നു.. കരട് വീണ പോലെ...
അജിക്ക് കരയണമെന്ന് തോന്നി.

പൊടിപിടിച്ച ഫാന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കറങ്ങുന്നു.
അജി പുറത്തിറങ്ങി കാന്റീനടുത്ത് പോയി ഒരു സിഗരറ്റ് വലിച്ചു...

നശിച്ച ഓഫീസ്..
ഇന്നിനിയിവിടെ ഇരിക്കാനുള്ള മാനസികാവസ്ഥയില്ല.

ലീവെഴുതി പുറത്തിറങ്ങിയപ്പോള്‍ ആ നരച്ച താടി പിറുപിറുത്തുകൊണ്ട് നോക്കി നില്‍ക്കുന്നത് കണ്ടു...
തനിക്ക് കുന്തമാണു...

‌ചെന്നപ്പോള്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചേലാമ്പ്രക്ക് ക്യത്യം ഒരു ബസ്സ് കിടക്കുന്നു... കയറി പുറത്തേക്ക് നോക്കിയിരുന്നു.
എന്തൊരു വ്യത്തികെട്ട പരിസരമാണതു.

ടിക്കറ്റിനു നൂറു രൂപ കൊടുത്തപ്പോള്‍ കണ്ടക്ടര്‍ക്ക് ചില്ലറകൊടുക്കാത്തതില്‍ മുറുമുറുപ്പ്.
കാണുമ്പോള്‍ ദേഷ്യം അരിച്ച് വരുന്നത് പോലെ.

നിര്വ്വികാരതയുടെ കാഴ്ചകള്‍ പുറകിലേക്ക് ഓടി മറയുകയാണു. കണ്ണടച്ച് കിടന്നു.

ചേലാമ്പ്രയിറങ്ങി പാടവരമ്പ് കഴിഞ്ഞ് കവുങ്ങ്തോട്ടം. വീട്ടീലേക്കുള്ള വഴിയാണത്..

കൈതകാട്ടിനു പിന്നിലെന്താണു പെട്ടന്നൊരനക്കം..
ആ ചാവാലിപട്ടി.. കല്ലെടുത്തെറിഞ്ഞപ്പോള്‍ അത് കുതിച്ച് പാഞ്ഞ് പിന്നെ തിരിഞ്ഞ് നിന്ന് നോക്കുന്നു.

നശിച്ച പട്ടികള്‍... കൊല്ലണം ഇവറ്റകളെ..

ആരാ അത് ? അജിക്കുട്ടനാ ?

രഘുവേട്ടനാണു. പണ്ട് തന്നെ സ്കൂളില്‍ കൈപിടിച്ച് കൊണ്ടുപോകുന്നതും വരുന്നതും രഘുവേട്ടനായിരുന്നു.
കുന്നത്തൂര്‍ ഉത്സവത്തിനു ‌രഘുവേട്ടന്റെ തോളത്തിരുന്നത് ഓര്‍മ്മയുണ്ട്.

നല്ല ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു.
ചെങ്കൊടിയേന്തി ഏതു സമര‌ത്തിനും മുദ്രവാക്യം വിളിച്ച് രഘുവേട്ടന്‍ പോകുന്നത് കാണുമ്പോള്‍ ആര്‍ക്കും ആവേശം തോന്നും.
വോളിബോള്‍ ടുര്‍ണമെന്റു സംഘടിപ്പിക്കാനും, കല്യാണവീട്ടിലും വായനശാലയിലും   മുന്‍പന്തിയില്‍ നിന്നയാള്‍.

പക്ഷേ ഒരു നാള്‍ കുരുമുളക് പറിക്കാന്‍ പൊക്കമുള്ള മരത്തിലേക്ക് കയറിയപ്പോള്‍ വഴുതിയത് ആ ജീവിതത്തില്‍ നിന്ന് കൂടെയായിരുന്നു

പാറയിലിടിച്ച് അരയ്ക്ക് കീള്‍പ്പോട്ട് തളര്‍ന്ന് പോയി.

കൊണ്ട് പോകാവുന്നിടങ്ങളിലൊക്കെ നോക്കി. അവസാനം കണാരന്‍ വൈദ്യന്റെ ആയുര്‍‌വേദചികില്‍സയില്‍ വീട്ടിലെ ഒരു മുറിയിലേക്ക് ഒതുങ്ങി.

ആ രഘുവേട്ടനാണു ജനാലയിലൂടെ വിളിച്ചത്!!
ചെരുപ്പഴിച്ച് വച്ച് അകത്തേക്ക് കയറിയപ്പോള്‍ ചിരുതേയമ്മ ചിരിച്ച് കാട്ടി.

"എങ്ങനുണ്ട് രഘുവേട്ടാ ?"

"കുറവുണ്ടെന്നും പറയാം ഇല്ലെന്നും പറയാം അജിക്കുട്ടാ.. "രഘുവേട്ടന്‍ ചിരിച്ചു.

അജി ചുരുപാടും കണ്ണോടിച്ചു.
എല്ലാം അലങ്കോലപ്പെട്ട് കിടക്കുന്നു.

ശുഷ്കിച്ച നെഞ്ചില്‍ വെള്ളരോമങ്ങള്‍ കൂടുകൂട്ടിയിരിക്കുന്നു, ഷേവ് ചെയ്യാത്ത മുഖം! ഒരു ഭ്രാന്തനേപ്പോലെ തോന്നിക്കുന്നു.
പണ്ട് ശുശ്രൂഷിക്കാന്‍ പെങ്ങന്മാരും, പാര്‍ട്ടി സഖാക്കളും, യുവജനസംഘടനയിലെ സുഹ്യത്തുക്കളും മാറി മാറി നിന്നിരുന്നു.
ആളുകള്‍ കൂടൊഴിഞ്ഞ് തുടങ്ങിയ സമയത്തും, അജി ദിവസ്സവും വായനശാലയിലെ പുസ്തകങ്ങള്‍ എത്തിക്കാറുണ്ടായിരുന്നു.
ജോലിക്ക് വേണ്ടി മാറിതാമസിക്കേണ്ടി വന്നപ്പോഴതും മുടങ്ങി

ആ മുറിയില്‍  ഇന്ന് ശൂന്യതയും കുഴമ്പിന്റെ ഗന്ധവും നിറഞ്ഞ് നില്‍ക്കുന്നു.
ആ ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല,

അജി സ്റ്റൂളില്‍ ഇരുന്ന് ആ മുഖത്തേക്ക് നോക്കി.

"എന്താ സങ്കടം ?"

"ഒന്നുമില്ല രഘുവേട്ടാ!!"

അവിശ്വാസത്തോടെ തലയാട്ടി.
അജി മുഖം കുമ്പിട്ടിരുന്നു. എല്ലാകാര്യങ്ങളും പറയുമായിരുന്നു
പക്ഷേ ഇതു മനസ്സിലാവുമോ ആവോ ?

"രഘുവേട്ടന്‍ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?"

രഘു  ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ കണ്‍ചിമ്മാതെ അവനെ നോക്കി.

"ഇയ്യ് കേട്ടിട്ടില്ലേ ?
ഉണ്ടോനു ഇടം കിട്ടാഞ്ഞ്, ഉണ്ണാത്തോനു ഇല കിട്ടാതെ !!! "

രഘു  പൊട്ടിചിരിച്ചു....
അയ്യാളങ്ങിനെയാണു.

"എവിടെയോ വായിച്ചിട്ടുണ്ട് അജീ,
പട്ടിണി കിടക്കുന്നവനു പ്രണയം മണ്ണാങ്കട്ടയാണു."

രഘു അല്പ്പനേരം മച്ചിലേക്ക് നോക്കി കണ്മിഴിച്ചു കിടന്നു.

എന്നെയൊന്ന് നേരെയിരുത്തുമോ അജീ?

തലയണ ചെരിച്ച് വച്ച് തോളിലൂടെ കയ്യിട്ട് അയ്യളെ ഭിത്തി ചേര്‍ത്തിരുത്തി...

രഘു അജിയുടെ കൈയില്‍ പിടിച്ച് ചലനമറ്റ അയാളുടെ കാലില്‍ തൊടുവിച്ചു..

"ഇയ്യിതു കണ്ടോ ?..........
എനിക്കെന്റെ കാലവിടുണ്ടെന്ന് ഇപ്പോള്‍ തോന്നാറില്ല അജീ...... ....
ഒറ്റ ആഗ്രഹമേ എനിക്കൊള്ളൂ......
എനിക്കൊന്നു നടക്കണം....
ഒരു ദിവസ്സം ഈ ചേലമ്പ്ര കുന്നെനിക്കൊന്ന് ഓടിക്കയറണം... കാവിലെ തെയ്യം കൂടണം.... എന്നിട്ട്......
എന്നിട്ട്. .. ഞാന്‍ മരിച്ചോട്ടെ......"

"എല്ലാവരോടും ഇങ്ങനെ ചിരിച്ച് കളിച്ച്!!!! "
അര്‍ദ്ധോക്തിയില്‍ കിതച്ച് നിര്‍ത്തി രഘു കണ്ണടച്ചു കിടന്നു.....

അജി വാതില്‍ ചാരി പുറത്തിറങ്ങി,
ഈ മുറിയില്‍ നിന്ന് മുന്‍പ് രഘുവേട്ടന്റെ ചിരിച്ച മുഖം കണ്ട് പുറത്തിറങ്ങാറുള്ളപ്പോള്‍ പോലും മുത്തപ്പനോട് പരിഭവം തോന്നാറായിരുന്നു പതിവ്....
ഇത്തവണ എന്തോ ഒരു കനം വിട്ടകന്നത് പോലെ.. എന്താവോ അങ്ങിനെ

കാലുകള്‍ വലിച്ച് നീട്ടി അജി വീട്ടിലേക്ക് നടന്നു...

മടലു വെട്ടിക്കീറിക്കൊണ്ട് നിന്ന ദേവകി അവനെ അത്ഭുതത്തോടെ നോക്കി!!.

"അനക്ക് അവിടെ തെരക്കാന്ന് പറഞ്ഞിട്ട്!! ഇയ്യെന്താ മോനേ പെട്ടന്ന് ??"

അജി അതിനല്ല മറുപടി പറഞ്ഞത്..

"വിശക്കുന്നമ്മേ , വേഗം ചോറെടുക്ക് "

ദേവകി മടലും വാക്കത്തിയും പറമ്പിലിട്ട് അടുക്കളയിലേക്ക് കയറി.

" ഇയ്യ് ഒന്ന് വെക്കം കുളിച്ച് വാ.... കറി ഇണ്ട്... ഒരു വറവ് വെക്കട്ടെ "

തോര്‍ത്തുടുത്ത് ഒരു തൊട്ടി വെള്ളം തലയില്‍ കമിഴ്ത്തുമ്പോള്‍ അജിപഴയ കുട്ടിയായി....
അവന്‍ പച്ചയണിഞ്ഞ പാടത്തേക്കും കവിങ്ങിലെ കുലകളിലേക്കും നോക്കി.. കണക്കുകള്‍ കൂട്ടി

കുളികഴിച്ച്, കൈലിമുണ്ടും ഷര്‍ട്ടുമിട്ട് തിണ്ണയിലെത്തിയപ്പോള്‍ അമ്മ ചോറും കറികളും ഡെസ്കില്‍ വെച്ചിട്ടുണ്ട്..

ചെമ്മീനിട്ട ചക്കക്കുരുകൂട്ടാന്‍ ചോറിലേക്കൊഴിച്ച്,
മുരിങ്ങയില തോരനും കൂട്ടിക്കുഴച്ചപ്പോള്‍ അജിയുടെ ചുണ്ടത്ത് ആ മൂളിപ്പാട്ട് എങ്ങ്നിന്നോ വന്ന് വീണ്ടും  തത്തിക്കളിച്ചു..